കൊലപാതകത്തിനു ശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമം, തന്ത്രപൂര്‍വം പ്രതിയെ സ്റ്റേഷനില്‍ എത്തിച്ച് ഓട്ടോഡ്രൈവര്‍

കണ്ണൂര്‍: കൊലപാതകത്തിനു ശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തന്ത്രപൂര്‍വ്വം പോലീസിന് കൈമാറി
താരമായിരിക്കുകയാണ് കണ്ണൂര്‍ കൂളിച്ചാല്‍ സ്വദേശിയായ ഓട്ടോഡ്രൈവര്‍ മനോജ്.

കഴിഞ്ഞ ദിവസം കൂളിച്ചാലിലാണ് സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളിയായ ഇസ്മയിലിനെ വെട്ടിക്കൊലപ്പെടുത്തിയ ബംഗാള്‍ സ്വദേശി സുജോയി ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ തന്റെ ഓട്ടോയില്‍ കയറിയത് ഒരു കൊലയാളി ആണെന്ന് മനോജിന് അറിയില്ലായിരുന്നു. പിന്നീട് ഒരു സുഹൃത്ത് സംഭവം വിളിച്ച് പറയുമ്പോഴാണ് മനോജ് സംഭവം അറിഞ്ഞത്. പിന്നെ തന്ത്രപരമായ നീക്കത്തിലൂടെ മനോജ് പ്രതിയെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. വളപട്ടണം പോലീസിനാണ് പ്രതിയെ കൈമാറിയത്.

ഓട്ടോ ഡ്രൈവറുടെ വാക്കുകള്‍…

‘അനിയന്‍ വരുന്നുണ്ട് കണ്ണൂരില്‍ ഒരു മണിക്ക് പോകണം എന്നാണ് സുജോയി പറഞ്ഞത്. അര മണിക്കൂര്‍ കഴിഞ്ഞ്, അനിയന്‍ ട്രെയിനില്‍ എത്തി കാത്തിരിക്കുന്നുണ്ട് ഇപ്പോ പോകണമെന്ന് പറഞ്ഞു. രണ്ട് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഇവിടെ അടുത്തുള്ള കടക്കാരന്‍ ദാമോദരന്റെ വിളി വന്നു. നീ കൊണ്ടുപോകുന്നത് ഒരു കൊലപാതകിയെ ആണ് എന്നു പറഞ്ഞു. കൊലപാതകം ചെയ്ത് രക്ഷപ്പെടാനുള്ള പരിപാടിയാണെന്ന് മനസ്സിലായി. ഞാന്‍ തന്ത്രപൂര്‍വം അവനറിയാതെ ഓട്ടോ വഴിതിരിച്ചുവിട്ടു. സ്റ്റേഷനില്‍ എത്തിയപ്പോഴേ അവന് ട്രാപ്പിലായെന്ന് മനസ്സിലായുള്ളൂ’- മനോജ് പറഞ്ഞു.

കൊലപാതകിയെ തക്ക സമയത്തെ ഇടപെടലിലൂടെ പോലീസിനെ ഏല്‍പ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് അഭിനന്ദനപ്രവാഹമാണ്. കൊലപാതകിയെ രക്ഷപ്പെടാന്‍ അനുവദിക്കാതെ നിയമത്തിന് വിട്ടുനല്‍കിയതിന് പോലീസുകാര്‍ ഉള്‍പ്പെടെ വിളിച്ച് അഭിനന്ദിച്ചു.

Exit mobile version