തൊടുപുഴ: തൊടുപുഴയിൽ നിന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാന്‍ ഹോളിൽ മണ്ണിട്ട്മൂടിയ നിലയിൽ കണ്ടെത്തി.
കലയന്താനിക്ക് സമീപം ദേവമാതാ കാറ്ററിങ് എന്ന സ്ഥാപനം നടത്തുന്ന ആളുടെ ഗോഡൗണിലെ മാന്‍ഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ചുങ്കത്ത് നിന്ന് മൂന്നുദിവസം മുമ്പാണ് ഇയാളെ കാണാതായത്.
ഇതുമായി ബന്ധപ്പെട്ട കേസില്‍ നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബിജുവിന്റെ ബിസിനസ് പാര്‍ടണറായ ജോമോന്റെ നിര്‍ദേശപ്രകാരം ബിജുവിനെ കൊന്ന് കലയന്താനിയിലെ ഗോഡൗണില്‍ കുഴിച്ചുമൂടിയെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ ഗോഡൗണിലേക്കെത്തിച്ച് തിരച്ചില്‍ നടത്തിയത്. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.