ലക്ഷ്യം വിദ്യാർഥികൾ, കാറിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്തിയ യുവതി പിടിയിൽ, വൈദ്യ പരിശോധനയിൽ ജനനേന്ദ്രിയത്തിലും പായ്ക്കറ്റുകൾ

കൊല്ലം: കാറിൽ എംഡിഎംഎ കടത്തവെ പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തിലും എംഡിഎംഎ ഒളിപ്പിച്ച നിലയില്‍. അഞ്ചാലും മൂട് പനയം രേവതിയില്‍ വാടയകയ്ക്ക് താമസിക്കുന്ന അനില രവീന്ദ്രന്‍ (34) ആണ് പിടിയിലായത്.

യുവതിയിൽ നിന്നും മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയാണ് കണ്ടെടുത്തത്. വൈദ്യ പരിശോധന നടത്തുന്നതിടെയാണ് സ്വകാര്യ ഭാഗത്ത് എംഡിഎംഎ സൂക്ഷിച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

തുടർന്ന് യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചാണ് എംഡിഎംഎ പുറത്തെടുത്തത്. കഴിഞ്ഞ ദിവസം കാറിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായിരുന്നു.

കര്‍ണാടകയില്‍നിന്ന് കൊല്ലം നഗരത്തിലെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യാന്‍ കൊണ്ടുവന്നതായിരുന്നു ഇത്. നഗരത്തിലെ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യാന്‍ യുവതി ലഹരി കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന് വിവരം ലഭിച്ചിരുന്നു.

നഗര പരിധിയില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപക പരിശോധനയാണ് ആരംഭിച്ചത്. വൈകിട്ട് അഞ്ചരമണിയോടെ നീണ്ടകര പാലത്തിനു സമീപം കാര്‍ കാണപ്പെട്ടു. കാർ നിർത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടും യുവതി കാറുമായി മുന്നോട്ടുപോയി.

തുടർന്ന് ആല്‍ത്തറമൂട് ശക്തികുളങ്ങര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വച്ച് പൊലീസ് വാഹനം തടഞ്ഞു. പിന്നാലെ നടത്തിയ പരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.

Exit mobile version