താമരശ്ശേരി: പോലിസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. കോഴിക്കോട് ആണ് സംഭവം.
താമരശ്ശേരി ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദി(27)ന്റെ വയറ്റില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
വീടിനകത്ത് ബഹളംവെച്ച മുഹമ്മദ് ഫായിസിനെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനിടെ ആയിരുന്നു സംഭവം.
അക്രമാസക്തനായ ഇയാളെ ഓടിച്ചിട്ട് പിടികൂടുന്നതിനിടെ കൈയിലുള്ള പാക്കറ്റ് വിഴുങ്ങിയതായി നാട്ടുകാരിലൊരാള്‍ പൊലീസിനോട് സംശയം പ്രകടിപ്പിച്ചു.
തുടർന്ന് പൊലീസ് ആദ്യം താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം ഫയസിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആദ്യഘട്ടത്തില്‍ സിടി സ്‌കാന്‍ എടുത്തു. അതില്‍ വയറ്റില്‍ തരി പോലെ എന്തോ ഒന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്‌കോപ്പി അടക്കമുള്ള തുടര്‍ പരിശോധനയിലാണ് എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.