കോഴിക്കോട്: നിരന്തരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുന്ന ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏല്പിച്ച് അമ്മ. കോഴിക്കോട് ആണ് സംഭവം.
എലത്തൂർ സ്വദേശി രാഹുലിനെ(26)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുൽ ലഹരിക്കടിമയായിരുന്നു.
വീട്ടിലുള്ളവരെ കൊല്ലുമെന്ന് നിരന്തരം ഭീഷണി തുടർന്നതോടെ മകനെതിരെ അമ്മ മിനി പൊലീസിൽ പരാതി നൽകുകയായിരുന്നു.
വീട്ടിൽ പൊലീസ് എത്തിയപ്പോൾ രാഹുൽ കഴുത്തിൽ ബ്ലെയ്ഡ് വച്ച് ആത്മഹത്യ ഭീഷണി മുഴക്കി. തുടർന്ന് പൊലീസ് അനുനയിപ്പിച്ച് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാഹുൽ 9 മാസത്തോളം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവിൽ നടക്കുകയായിരുന്നു. ഇതിനിടെയായിരുന്നുഇയാൾ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്.