കാസര്‍കോട്: നീലേശ്വരം പരപ്പച്ചാലില്‍ ജപ്തി നടപടിയെ തുടര്‍ന്ന് കേരള ബാങ്ക് അധികൃതര്‍ ഇറക്കി വിട്ട കുടുംബത്തിന് ആശ്വാസമായി പ്രവാസി ബിസിനസുകാരന്‍.
കാസര്‍കോട് നീലേശ്വരം പരപ്പച്ചാലില്‍ ആണ് വയോധികയും ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബത്തെ ജപ്തി നടപടിയെ തുടര്‍ന്ന് കേരള ബാങ്ക് ഇറക്കിവിട്ടത്. വീടിന്റെ വരാന്തയിലായിരുന്നു ഈ കുടുംബം ഇന്നലെ ഉറങ്ങിയത്. കോടതി ഉത്തരവുപ്രകാരമാണ് ജപ്തി നടപടി എന്നായിരുന്നു ബാങ്ക് അധികൃതരുടെ വിശദീകരണം.
ഇത് വാര്‍ത്തയായതോടെ കുടുംബത്തിന് കൈത്താങ്ങായി എത്തുകയായിരുന്നു ആലപ്പുഴ സ്വദേശി ഉണ്ണിക്കൃഷ്ണന്‍. കുടുംബത്തിന്റെ ബാങ്ക് കുടിശ്ശിക മുഴുവന്‍ ഉണ്ണിക്കൃഷ്ണന്‍ അടച്ച് തീര്‍ത്തു. ഇതേ തുടര്‍ന്ന് വീട് ഇന്ന് തന്നെ തുറന്നു കൊടുക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതായി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കാസര്‍കോട് നീലേശ്വരം പരപ്പച്ചാലിലെ ജാനകി, മകന്‍ വിജേഷ്, ഭാര്യ വിപിന ഏഴും മൂന്നും വയസുള്ള രണ്ട് കുട്ടികള്‍ എന്നിവരെയാണ് ഇറക്കി വിട്ടത്. ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് ജാനകിയുടെ ചികിത്സയ്ക്കായി കുടുംബം ആശുപത്രിയില്‍ പോയ സമയത്താണ് ജപ്തി നടപടികള്‍ നടന്നത്. സാധനങ്ങള്‍ പുറത്ത് എടുത്തിട്ട ശേഷം വീട് പൂട്ടി സില്‍ ചെയ്യുകയായിരുന്നു.
2013 ല്‍ എടുത്ത രണ്ട് ലക്ഷം രൂപ ലോണ്‍ ആറര ലക്ഷം കുടിശ്ശികയാവുകയായിരുന്നു. 2,99,000 രൂപ അടച്ചാല്‍ ജപ്തി നടപടിയില്‍ നിന്ന് ഒഴിവാക്കാം എന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞെങ്കിലും അതും അടക്കാന്‍ കഴിഞ്ഞില്ല. തെങ്ങില്‍ നിന്ന് വീണ് പരിക്കുപറ്റി കിടപ്പിലായതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. ഇനി എന്തു ചെയ്യും എന്ന ആശങ്കയിലായിരുന്നു കുടുംബം.