മലപ്പുറം: വീടുകൾക്ക് മുമ്പിൽ മിഠായി വിതറിയ നിലയിൽ. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ അങ്ങാടിപ്പുറത്താണ് സംഭവം.
വലമ്പൂർ സെൻട്രൽ മുതൽ പൂപ്പലം റോഡിന്റെ അവസാനം വരെ രണ്ട് കിലോമീറ്റർ ഭാഗത്താണ് റോഡരികിൽ വീടുകൾക്ക് മുമ്പിൽ മിഠായി വിതറിയതായി കണ്ടെത്തിയത്.
ഇവിടെ നിന്നും 15 കിലോ മുതൽ 25 കിലോ വരെ മിഠായി കണ്ടെത്തിയതായാണ് പറയുന്നത്. ബുധനാഴ്ച പുലർച്ച അഞ്ചോടെയാണ് സംഭവം.നമസ്കാരത്തിനായി പള്ളിയിലേക്ക് വരുമ്പോൾ റോഡിൻ്റെ വശങ്ങളിൽ മിഠായി കണ്ടില്ലെന്നും തിരിച്ചുപോകുമ്പോഴാണ് കണ്ടതെന്നും പ്രദേശവാസികൾ പറഞ്ഞു.
വീടുകളുടെ ഗേറ്റിന് മുൻവശത്താണ് കൂടുതൽ വിതറിയിരിക്കുന്നത്. തെരുവ് വിളക്കുകളുള്ളിടത്ത് വിതറിയിട്ടില്ല. മിഠായികൾ പൊതിയഴിച്ച് വീണ്ടും പൊതിഞ്ഞത് പോലെയാണ് തോന്നുന്നതെന്ന് പ്രദേശവാസി പറഞ്ഞു.
പലരും മിഠായികൾ വീട്ടിലേക്ക് കൊണ്ടുപോയി.
എന്നാൽ മിഠായി കിട്ടിയവർ കഴിക്കരുതെന്നും ഇത്തരത്തിൽ മിഠായി കാണുകയോ അപരിചിതർ നൽകുകയോ ചെയ്താൽ എടുക്കരുതെന്നും സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്ന് വിദ്യാർഥികളെ അറിയിച്ചു.
മിഠായി നാട്ടുകാർ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Discussion about this post