മലപ്പുറം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്കെതിരെ വീണ്ടും സഹോദരന് ഭരത് ഭൂഷണ്. ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തിയ തന്നെ ഭര്‍തൃ മാതാവ് മര്‍ദ്ദിച്ചെന്ന് കനകദുര്‍ഗ ആരോപിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് കനകദുര്ഗയിപ്പോള്.
എന്നാല്‍ പാര്‍ട്ടി പോലീസുമായി വന്ന് തെമ്മാടിത്തം കാണിച്ചാല്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് സഹോദരന് പറഞ്ഞു.
‘അങ്ങാടിപ്പുറത്ത് ആ സമയത്ത് കനകദുര്‍ഗ കയറി വന്നപ്പോള്‍ ഭര്‍ത്താവ് ക്ഷേത്രത്തിലായിരുന്നു. ആ സമയത്ത് അതിനുള്ളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും ഇരച്ചുകയറുകയാണുണ്ടായത്. ആ സമയത്ത് അമ്മ തടുത്തപ്പോള്‍ അമ്മയെ ഉന്തിത്തള്ളിയിടുകയാണ് ചെയ്തത്. ആ സമയത്ത് അമ്മയും അടിച്ചു, അവളും അടിച്ചു. രണ്ടുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും അടിച്ചു. ‘ ഭരത് ഭൂഷണ് പറഞ്ഞു.
കനകദുര്‍ഗ ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെ സിപിഐഎമ്മാണ് കനകദുര്‍ഗയെ ശബരിമലയിലെത്തിച്ചതെന്ന് ഭരത് ഭൂഷണ് ആരോപിച്ചിരുന്നു. എന്നാല്‍ കനക ദുര്‍ഗ ഈ ആരോപണം നിഷേധിച്ചിരുന്നു. സ്വന്തം തീരുമാന പ്രകാരമാണ് താന്‍ ശബരിമല ദര്‍ശനം നടത്തിയത്. സഹോദരന് അടുത്തകാലത്തായി സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇതാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലെന്നും അവര്‍ പറഞ്ഞിരുന്നു.
Discussion about this post