മലപ്പുറം:അധ്യാപകൻ സ്കൂളില്‍ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയുമായി മുന്‍ സഹപ്രവര്‍ത്തകയായ അധ്യാപിക. മൂന്നിയൂര്‍ സ്വദേശി എ വി അക്ബര്‍ അലിക്കെതിരെയാണ് യുവതി പൊലീസില്‍ പരാതി നൽകിയത്.
മലപ്പുറം വള്ളിക്കുന്നിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കെപിഎസ്ടിഎ ഭാരവാഹിയുമാണ് അക്ബര്‍ അലി. 2022 ലായിരുന്നു പീഡനശ്രമം. അക്ബര്‍ അലിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂള്‍.
സ്കൂളിലെ താൽക്കാലിക ജോലി സ്ഥിരപെടുത്തി തരാമെന്നും പണം നൽകാമെന്നും വാഗ്ദാനം ചെയ്ത് അക്ബര്‍ അലി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് അധ്യാപികയുടെ പരാതി.
താൻ അതിന് വഴങ്ങാതെ വന്നതോടെ ഭീഷണിപെടുത്തിഎന്നും ഇതോടെ താൽക്കാലിക ജോലി ഉപേക്ഷിക്കേണ്ടിവന്നെന്നും അധ്യാപിക പറഞ്ഞു.
അതേസമയം, യുവതിയുടെ പരാതിയെ തുടർന്ന് അക്ബറലിയെ യൂത്ത് കോണ്‍ഗ്രസ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.