കേരളത്തിന്റെ സ്‌നേഹപരിചരണം; മാനസികനില താളം തെറ്റിയ മുരുകാനന്ദന് കുടുംബത്തെ തിരിച്ചുകിട്ടി!

മധുര കരിമേട് സ്വദേശിയാണ് മുരുകാനന്ദനെന്ന് തിരിച്ചറിഞ്ഞു.

പൊന്‍കുന്നം: മാനസികനില താളം തെറ്റി വീട്ടില്‍ വിശ്രമത്തിലായിരുന്ന തമിഴ്‌നാട് സ്വദേശി മുരുകാനന്ദന്‍ ബന്ധു വീട്ടിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയതില്‍ പിന്നെ ആര്‍ക്കും വിവരമൊന്നും ഉണ്ടായിരുന്നില്ല. വഴിതെറ്റി എവിടെയൊക്കെയോ കറങ്ങി തിരിഞ്ഞ് ഒടുവില്‍ തെരുവില്‍ എത്തപ്പെടുകയായിരുന്നു.

എന്നാല്‍ മലയാളികളായ ആകാശപറവകളുടെ സ്‌നേഹപരിചരണത്തിനു പിന്നാലെ കാണാതായ തമിഴ്നാട് സ്വദേശി മുരുകാനന്ദനു ബന്ധുക്കളെ തിരികെ ലഭിച്ചിരിക്കുകയാണ്. കേരളത്തില്‍ എത്തപ്പെട്ടതിന് പിന്നാലെ 4 മാസം മുന്‍പ് തണലായെത്തിയ വാഴൂര്‍ ചെങ്കല്‍ ആകാശപ്പറവകളുടെ കൂട്ടുകാരുടെ നസ്രത്ത് ആശ്രമത്തില്‍ എത്തിപ്പെട്ട മുരുകാനന്ദനു പിന്നീട് അസുഖം സൗഖ്യപ്പെടുകയും ശേഷം ബന്ധുക്കളെ തിരികെ ലഭിക്കുകയുമായിരുന്നു.

മധുര കരിമേട് സ്വദേശിയാണ് മുരുകാനന്ദനെന്ന് തിരിച്ചറിഞ്ഞു. പിന്നീട് മുരുകാനന്ദന്റെ മക്കളായ അരുണ്‍ കുമാര്‍, മുത്തുരാജ് എന്നിവരെത്തി പിതാവിനെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. മുരുകാനന്ദനെ തെരുവില്‍ കണ്ടെത്തുമ്പോള്‍, പ്ലാസ്റ്റിക് ക്യാരി ബാഗില്‍ മാലിന്യം ശേഖരിക്കുകയായിരുന്നു.

ആകാശപ്പറവകളുടെ ശുശ്രൂഷയും സ്നേഹ പരിചരണവും ലഭിച്ചതോടെ പതിയെ മനസ്സിന്റെ താളം തിരിച്ചുകിട്ടി. കൃത്യമായി പേരു പറയാതെ ഇരുന്ന മുരുകാനന്ദന്‍ ആഴ്ചകള്‍ കഴിഞ്ഞതോടെ പേരും സ്ഥലവും മറ്റ് വിവരങ്ങളും നല്‍കി. പൊന്‍കുന്നം പോലീസിന്റെ സഹായത്തില്‍ മധുര കരിമേട് പോലീസുമായി ബന്ധപ്പെട്ടു ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു.

5 വര്‍ഷമായി മാനസിക ആരോഗ്യം നഷ്ടപ്പെട്ടു വീട്ടില്‍ കഴിയുന്ന മുരുകാനന്ദന്‍ ഇടയ്ക്ക് ബന്ധു വീടുകളില്‍ പോകുന്ന പതിവ് ഉണ്ടായിരുന്നുവെന്നു മക്കള്‍ പറഞ്ഞു.ഭാര്യ ദേവിയും 2 മക്കളും അടങ്ങുന്നതാണ് മുരുകാനന്ദന്റെ കുടുംബം.

Exit mobile version