കാളികാവ്: ബോധവത്കരണത്തിന്റെ പേരില്‍ പ്രദര്‍ശനത്തിന് വെച്ച ഉഗ്രവിഷമുള്ള 28 പാമ്പുകളെ വനം വന്യജീവി വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. അധികൃതരെ കണ്ടപ്പാടെ പാമ്പുകളെ വിട്ടെറിഞ്ഞ് പാമ്പാട്ടി മലപ്പുറം ഹംസ ഓടിരക്ഷപ്പെട്ടു. അപൂര്‍വ്വ ഇനങ്ങളില്‍പ്പെട്ട പാമ്പുകളും ഇക്കൂട്ടത്തിലുണ്ട്.
17 പാമ്പിന്മുട്ടകളും കണ്ടെടുത്തു. 13 മൂര്‍ഖന്‍, രണ്ട് പെരുമ്പാമ്പ്, ഒരു ചേര, അഞ്ച് മണ്ണൂലി, രണ്ട് അണലി, മൂന്ന് കാട്ടുപാമ്പ്, ഒരു വൂള്‍ഫ് പാമ്പ്, ഒരു വില്ലൂന്നി എന്നിവയേയാണ് പിടിച്ചെടുത്തത്. കാളികാവില്‍ പ്രവര്‍ത്തിക്കുന്ന കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷന് അധികൃതരാണ് നടപടിയെടുത്തത്.
പാമ്പുകളുടെ ആരോഗ്യസ്ഥിതി മൃഗഡോക്ടര്‍ സജീറിന്റെ നേതൃത്വത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തി. വന്യജീവികളെ വേട്ടയാടല്‍, പീഡിപ്പിക്കല്‍, കൈവശം വെക്കല്‍ തുടങ്ങിയിട്ടുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യക്തികള്‍ വന്യജീവികളെ കൈവശം വെക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും കുറ്റകരമാണെന്ന് ഡെപ്യൂട്ടി റെയ്ഞ്ചര്‍ എന്‍ മോഹനന് പറഞ്ഞു. തൊണ്ടിമുതലായി പാമ്പുകളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
Discussion about this post