കണ്ണൂർ:ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വിളിച്ചു ചേർത്ത സർവകക്ഷിയോഗം സമാപിച്ചു. സർവകക്ഷിയോഗത്തിൽ വന്യജീവി ആക്രമണം തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതായി എ കെ ശശീന്ദ്രൻ അറിയിച്ചു. പുനരധിവാസ മേഖലയിലെ ആനകളെ ഇന്ന് രാത്രി മുതൽ കാട്ടിലേക്ക് തുരത്തി ഓടിക്കാൻ തീരുമാനമായി. ആർആർ ടിയുടെ എണ്ണം വർദ്ധിപ്പിക്കും. സമീപപ്രദേശങ്ങളിൽ ആർആർടി സഹായം തേടും.
ചില പ്രദേശങ്ങളിൽ താൽക്കാലിക തൂക്കുവൈദ്യുത വേലി സ്ഥാപിക്കും. ദുരന്തനിവാരണ ഫണ്ടിൽ നിന്നും പണം അനുവദിക്കും. അടിക്കാടുകൾ വെട്ടുന്നതിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ടത് ആറളം ഫാമാണ്. വനമേഖലയിൽ സിസിഎഫ് നേരിട്ട് സ്ഥലം സന്ദർശിച്ചു നടപടി സ്വീകരിക്കും. മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് താൽക്കാലിക ജോലി നൽകുന്നതിന് തീരുമാനമായിട്ടുണ്ട്. എഐ സാധ്യത പ്രയോജനപ്പെടുത്തി പുതിയ സംവിധാനം ഏർപ്പെടുത്തും. ആനമതിൽ നിർമാണം ആറു മാസം കൊണ്ട് പൂർത്തിയാക്കണം എന്ന് ആഗ്രഹിക്കുന്നുവെന്നും അടുത്ത മാസം പണി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post