ചെന്നൈ: കാറില്‍ കൊണ്ടുപോവുകയായിരുന്ന കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഒരു കോടിയോളം രൂപ വിലമതിയ്ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍. കവര്‍ച്ച ആസൂത്രണം ചെയ്ത തൃശ്ശൂര്‍ സ്വദേശിയായ ഫിറോസ് ആണ് ആന്ധ്രയില്‍ പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിലായത്. എന്നാല്‍, ഇയാളുടെ കൈയില്‍ നിന്നും കവര്‍ന്ന ആഭരണങ്ങളില്‍ പകുതിയേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. ബാക്കി ആഭരണങ്ങള്‍ ഫിറോസിനെ പിടിക്കാന്‍ സഹായിച്ച ആന്ധ്ര പോലീസ് തട്ടിയെടുത്തെന്നാണ് തമിഴ്നാട് പോലീസിന്റെ ആരോപണം. ഹവാല ഇടപാടുകളുമായും ഫിറോസിന് ബന്ധമുണ്ടെന്നാണ് സൂചന.
സംഭവത്തിലെ, മറ്റു പ്രതികളായ വെല്ലൂര്‍ സ്വദേശികളായ തമിഴ്ശെല്വന്, ജയപ്രകാശ് എന്നിവര്‍ നേരത്തെ ചെന്നൈ കോടതിയില്‍ കീഴടങ്ങിയിരുന്നു. ബംഗളൂരു സ്വദേശികളായ മൂന്നു പേര് അടക്കം ഏഴുപേര്‍ ഇതുവരെ പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രധാന പ്രതി ഫിറോസാണെന്നും ഇയാള്‍ ആന്ധ്രയിലേക്കു കടന്നെന്നും വിവരം ലഭിച്ചത്. തുടര്‍ന്ന് അങ്ങോട്ടു പോയ പ്രത്യേക പോലീസ് സംഘം ആന്ധ്രാ പോലീസിന്റെ സഹായത്തോടെയാണു ഫിറോസിനെ കീഴ്പ്പെടുത്തിയത്.
തൃശ്ശൂരില്‍ നിന്നും തമിഴ്നാട്ടിലെ വിവിധ ഷോറൂമുകളിലേക്ക് കൊണ്ടുപോയ സ്വര്‍ണാഭരണങ്ങളാണ് കോയമ്പത്തൂരിന് സമീപം ചാവടിയില്‍ കൊള്ളയടിക്കപ്പെട്ടത്. ചാവടി പെട്രോള്‍ പമ്പിന് സമീപം കല്യാണ്‍ ജ്വല്ലേഴ്സിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി, ഡ്രൈവര്‍ അര്ജുന്, ഒപ്പമുണ്ടായിരുന്ന വില്‍ഫ്രഡ് എന്നിവരെ വലിച്ച് താഴെയിട്ടശേഷമായിരുന്നു കവര്‍ച്ച. ഇവര്‍ക്ക് പരുക്കേറ്റിരുന്നു. രണ്ട് കാറുകളിലായിട്ടാണ് കവര്‍ച്ചാ സംഘം എത്തിയത്.
Discussion about this post