മലപ്പുറം: മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍. പട്ടയത്തിന് 50,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ആണ് ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയില്‍ കുടുങ്ങിയത്.
മലപ്പുറം തവനൂര്‍ കുഴിമണ്ണ സ്വദേശിയായ പരാതിക്കാരന്റെ മുത്തച്ഛന്റെ പേരില്‍ തിരുവാലി വില്ലേജ് പരിധിയില്‍ പെട്ട 74 സെന്റ് വസ്തുവിന് പട്ടയം അനുവദിച്ച് കിട്ടുന്നതിന് പരാതിക്കാരന്റെ അമ്മയുടെ പേരില്‍ രണ്ട് വര്‍ഷം മുമ്പ് തിരുവാലി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.
അപേക്ഷയിന്മേലുള്ള നടപടി സ്വീകരിച്ചു വരവേ അന്നത്തെ വില്ലേജ് ഓഫീസര്‍ ട്രാന്‍സ്ഫര്‍ ആയി പോയിരുന്നു. ഈമാസം ഏഴിന് പരാതിക്കാരന്‍ വില്ലേജ് ഓഫീസില്‍ പട്ടയത്തന് നല്‍കിയിരുന്ന അപേക്ഷയെ കുറിച്ച് അന്വേഷിച്ച് ചെന്നപ്പോള്‍ പരാതിക്കാരന്റെ അമ്മയുടെ പേരില്‍ സമര്‍പ്പിച്ച അപേക്ഷ ഓഫീസില്‍ കാണാനില്ലായെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നിഹമത്തുള്ള പറഞ്ഞു.
പരാതിക്കാരന്റെ അമ്മയെ കൊണ്ട് പുതിയ അപേക്ഷ എഴുതി വാങ്ങിക്കുകയും ചെയ്തു. തുടര്‍ന്ന് അപേക്ഷയെ സംബന്ധിച്ച് വീണ്ടും വില്ലേജ് ഓഫീസില്‍ അന്വേഷിച്ചെത്തിയ പരാതിക്കാരനോട് നിലവിലുള്ള അപേക്ഷ പ്രകാരം പട്ടയം കിട്ടാന്‍ സാധ്യതയില്ലെന്നും മറ്റൊരു വഴിയുണ്ടെന്നും പറയുകയായിരുന്നു. അതിന് സെന്റൊന്നിന് 9,864 രൂപ വച്ച് 7,29,936 രൂപ കൈക്കൂലി നല്‍കണമെന്നും ആയതിന്റെ ആദ്യ ഗഡുവായി 50,000 രൂപ 22ന് രാവിലെ മഞ്ചേരി കാരക്കുന്നില്‍ എത്തി നല്‍കാനും പറഞ്ഞു.
ബാക്കി തുക നാല് മാസം കഴിഞ്ഞ് പട്ടയം കിട്ടുന്ന സമയം നല്‍കണമെന്നും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ നിഹമത്തുള്ള പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്നലെ രാവിലെ 10:45 മണിയോടുകൂടി കാരക്കുന്നില്‍ വച്ച് പരാതിക്കാരനില്‍ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങവേ കയ്യോടെ പിടികൂടുകയുമായിരുന്നു.
Discussion about this post