കൊല്ലം: കൊല്ലത്ത് റെയിൽ പാളത്തിനുകുറുകേ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് പൊലീസ് എഫ്‌ഐആര്‍. കുണ്ടറയ്ക്കും എഴുകോണിനുമിടയിലേ പാളത്തിനുകുറുകേയാണ് ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയത്.
സംഭവത്തിൽ ഇളമ്പള്ളൂര്‍ രാജേഷ് ഭവനില്‍ രാജേഷ് (39), പെരുമ്പുഴ പാലപൊയ്ക ചൈതന്യയില്‍ അരുണ്‍ (33) എന്നിവർ പിടിയിലായിരുന്നു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവര്‍ ജീവഹാനി വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് കൊണ്ടിട്ടത് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പാളത്തില്‍ ആദ്യം പോസ്റ്റ് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ട്രാക്കിൽ നിന്നും പോസ്റ്റ് നീക്കം ചെയ്തു.
എന്നാൽ അതേ സ്ഥലത്ത് തന്നെ രണ്ടുമണിക്കൂറിനുശേഷം വീണ്ടും പോസ്റ്റ് കണ്ടെത്തി.
പിടിയിലായ രാജേഷും അരുണും ഒട്ടേറെ ക്രിമിനല്‍ക്കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറയുന്നു. പോസ്റ്റിനൊപ്പമുള്ള കാസ്റ്റ് അയണ്‍ വേര്‍പെടുത്തി ആക്രിയായി വില്‍ക്കുന്നതിനുവേണ്ടിയാണ് പോസ്റ്റ് കുറുകേവെച്ചതെന്നാണ് പ്രതികള്‍ പൊലീസിനോടു പറഞ്ഞത്.