കോട്ടയം: സിനിമ ഷൂട്ടിങ് കാണാനെത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സിനിമ-സീരിയല്‍ നടന് 136 വര്‍ഷം കഠിന തടവ് ശിക്ഷ. കങ്ങഴ കടയിനിക്കാട് കോണേക്കടവ് ഭാഗത്ത് മടുക്കക്കുഴി വീട്ടില്‍ എം കെ റെജിയെയാണ്(52) കോടതി ശിക്ഷിച്ചത്.
1,97,500 രൂപ പിഴയും ശിക്ഷ വിധിച്ചു.ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
സീരിയല്‍ നടിക്കൊപ്പം സിനിമ ഷൂട്ടിങ് കാണാനെത്തിയ ചെറുമകളെയാണ് തട്ടിക്കൊണ്ടു പോയത്.
2023 മെയിലായിരുന്നു സംഭവം. സിനിമ ചിത്രീകരണത്തിനിടെ മഴ പെയ്തപ്പോൾ ലൊക്കേഷനില്‍ നിന്ന് കുട്ടിയെ മുത്തശ്ശിയുടെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് ഇയാൾ വാനില്‍ കയറ്റിക്കൊണ്ടു പോയി.
യാത്രയ്ക്കിടയില്‍ ശാരീരികമായി ഉപദ്രവിച്ച ശേഷം ഈരാറ്റുപേട്ട തിടനാട്ടുള്ള ആളില്ലാത്ത വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. കേസിൽ ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റോഷന്‍ തോമസാണ് വിധി പറഞ്ഞത്.
പ്രതി പിഴ അടച്ചാല്‍ 1,75000 രൂപ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും പോക്‌സോ ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.സിനിമയിലും സീരിയലിലും ജൂനിയര്‍ ആര്‍ടിസ്റ്റുകളെ എത്തിച്ച് നല്‍കുന്നയാളുമാണ് പ്രതി.
Discussion about this post