തിരുവനന്തപുരം; ടെക്നോപാര്‍ക്കു മേഖലയിലെ ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ ശേഖരവും തൊഴുത്തിനു സമാനമായ അടുക്കള പരിസരവും കണ്ടെത്തി. ടെക്നോപാര്‍ക്കിനു സമീപത്തെ നാലു ഹോട്ടലുകളാണു മോശം സാഹചര്യത്തില്‍ കണ്ടെത്തിയത്. നൂറിലേറെ ജീവനക്കാര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു പരിശോധന.
അവിടെ നിന്ന് ഫ്രീസറില്‍ സൂക്ഷിച്ച പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വനിതാ ഹോസ്റ്റലുകളിലും സന്ദര്‍ശനം നടത്തി. മാലിന്യ സംസ്ക്കരണ സംവിധാനം ഇല്ലാത്ത ഹോസ്റ്റലുകളില്‍ ഇത് ഒരുക്കണമെന്നാണു നിര്‍ദേശം.
അതേസമയം, പരിശോധന വിവരം തലേദിവസം പുറത്തുവിട്ടതു ആക്ഷേപങ്ങള്‍ക്കും ഇടയാക്കി. രാവിലെ 7 മണിക്കു തന്നെ പാര്‍ക്കിനു സമീപത്തെ ഹോട്ടലുകളില്‍ പരിശോധന നടക്കുമെന്ന വിവരം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. സാധാരണ മിന്നല്‍ പരിശോധനയാണ് ഹെല്‍ത്ത് വിഭാഗം നടത്താറുള്ളത്. അതു പോലെ പരിശോധനയ്ക്കായി അവധി ദിവസം തെരഞ്ഞെടുത്തതും വിമര്‍ശനത്തിനിടയാക്കി. ഇന്നലെ ടെക്നോപാര്‍ക്കിലെ കാന്റീനുകള്‍ ഉള്‍പ്പടെ ഭൂരിഭാഗം ഹോട്ടല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ല. ബൈപ്പാസ് ഭാഗത്തു അഞ്ചു ഹോട്ടലുകള്‍ മാത്രമാണ് തുറന്നത്.
ഇവിടെ മാത്രം പരിശോധന നടത്തുകയായിരുന്നു അധികൃതര്‍. ഗുരുതര വീഴ്ച്ച കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കു നോട്ടീസും നല്‍കിയില്ല. ഓഫിസ് അവധിയായതിനാല്‍ ഇന്നു നാലു ഹോട്ടലുകള്‍ക്കും മൂന്നു ഹോസ്റ്റലുകള്‍ക്കും നോട്ടീസ് നല്‍കുമെന്നാണു ഹെല്‍ത്ത് വിഭാഗത്തിന്റെ മറുപടി. വിഷബാധ ജലത്തില്‍ നിന്നുണ്ടായതാകാമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ നാലു ദിവസം കഴിഞ്ഞിട്ടും ഈ ഭാഗത്തെ കിണറുകളിലെയും കുഴല്‍ കിണറുകളിലെ ജലത്തിന്റെ സാംപിള്‍ പരിശോധനയ്ക്കായി അയച്ചില്ല. പാര്‍ക്കിലെത്തുന്ന ബോട്ടില്‍ വെള്ളവും പരിശോധിക്കേണ്ടതുണ്ട്.
Discussion about this post