പന്തളം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ശബരിമല അടച്ചിടുമെന്ന് പന്തളം രാജകൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മ. ശബരിമലയില്‍ സ്ത്രീകള്‍ കയറരുത് എന്ന നിലപാടില്‍ നിന്ന് ഒരു തരിമ്പ് വിട്ടുവീഴ്ചക്കില്ലെന്നും, ശബരിമലയെ തകര്‍ക്കാന്‍ ആരോ പറഞ്ഞ് വിട്ട അവിശ്വാസികളാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.
‘ സുപ്രീംകോടതി വിധി ചോദ്യം ചെയ്യാനാകില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് തെറ്റാണ്. വിഷയത്തില്‍ സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനോട് സംസാരിച്ചിട്ട് കാര്യമില്ല. എന്നാല്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ക്ഷേത്രം അടച്ചിടും. 1949 ല്‍ തിരുവിതാംകൂര്‍ രാജാവുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ട കവനന്റ് ഉടമ്പടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാനാകും. അത് സര്‍ക്കാര്‍ മറക്കരുത്.
സവര്‍ണ്ണ അവര്‍ണ്ണ വേര്‍തിരിവുണ്ടാക്കി ആളുകളെ തല്ലിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ശശികുമാര വര്‍മ്മ ആരോപിച്ചു. നാളെ നട അടച്ച ശേഷം ക്ഷേത്രത്തില്‍ വേണ്ട പരിഹാരക്രിയകളെ കുറിച്ച് പറയാമെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശശികുമാര വര്‍മ്മ ആവശ്യപ്പെട്ടു.
Discussion about this post