തിരുവനന്തപുരം:ഹൈവേകളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് പണം മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. തിരുവനന്തപുരം മംഗലപുരം സ്വദേശി ബിനുവാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായ മോഷ്ടാവ്. ഹൈവേയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് രാത്രി കാലങ്ങളില്‍ പണം തട്ടിയെടുക്കുന്നതാണ് ഇയാളുടെ മോഷണ രീതി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ലോറികളില്‍ നിന്നാണ് ഇയാള്‍ സ്ഥിരമായി മോഷണം നടത്തിയിരുന്നത്.
ഡ്രൈവര്‍മാര്‍ വണ്ടി ഒതുക്കിയിട്ട് ഉറങ്ങുമ്പോള്‍ പിക്കപ്പ് വാനില്‍ പിന്തുടര്‍ന്നെത്തിയാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. മോഷണ പരാതികള്‍ തുടര്‍ച്ചയായി വന്നതോടെ ചാലക്കുടി ഡിവൈഎസ്പി രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം തമിഴ്‌നാട് സ്വദേശിയായ സൂര്യ പ്രകാശിന്റെ വാഹനത്തില്‍ നിന്നും ഒരു ലക്ഷം രൂപ ഇയാള്‍ കവര്‍ന്നിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഒരാള്‍ വാഹനത്തിനടുത്ത് വരുന്നതും പരിസരം നിരീക്ഷിച്ച ശേഷം വണ്ടിയില്‍ നിന്നും ഒരു പൊതിയെടുത്ത് പിക്കപ്പ് വാനില്‍ കയറിപ്പോകുന്നതും വ്യക്തമായിരുന്നു.
ഈ ദൃശ്യങ്ങളില്‍ നിന്ന് ബിനുവാണിതെന്ന് സ്ഥിരീകരിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അറസ്റ്റ് ചെയ്ത് ചാലക്കുടിയില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സംസ്ഥാനത്ത് പല ഭാഗങ്ങളിലും ഇയാള്‍ക്കെതിരെ മോഷണത്തിന് കേസുണ്ടെന്ന് പോലീസ് പറഞ്ഞു. നിരവധി ലഹരിമരുന്ന് കടത്ത് കേസിലും ഇയാള്‍ പ്രതിയാണ്. ഇയാളുടെ സംഘത്തിലുള്ളവര്‍ക്കായുള്ള തെരച്ചലിലാണ് പോലീസിപ്പോള്‍.