തൃശൂർ: കെഎസ്‍യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി സച്ചിദാനന്ദൻ എം പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറി. കേരളത്തിൽ വളർന്നു കൊണ്ടിരിക്കുന്ന പാർട്ടി ബിജെപിയാണെന്ന് തിരിച്ചറിവാണ് ഈ പാർട്ടിയിലേക്ക് വരാൻ കാരണമെന്ന് സച്ചിദാനന്ദൻ പറഞ്ഞു.
കൊടുങ്ങല്ലൂർ എടവിലങ്ങു മണ്ഡലം പ്രസിഡന്റുമാരായ ജിതേഷ് ഇആർ, പ്രിൻസ് തലാശ്ശേരി എന്നിവർ ചേർന്നു സച്ചിദാനന്ദനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.
കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിൽ കെഎസ്‍യു എസ്എഫ്ഐ സംഘർഷത്തിൽ പെട്ട കെഎസ്‍യു പ്രവർത്തകരെ സംരക്ഷിക്കുന്നതിനോ അവരുടെ വീടുകളിൽ പോകുവാനോ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെന്നു സച്ചിദാനന്ദൻ ആരോപിച്ചു.
കോൺഗ്രസിലും കെഎസ്‍യുവിലും നടക്കുന്ന ഗ്രൂപ്പ് വഴക്കിന്റെ പേരിൽ കോൺഗ്രസും അതിന്റെ പോഷക ഘടകങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണ് എന്നും അതിന് ഉദാഹരണമാണ് കെ മുരളീധരന്റെ തോൽവിയെ തുടർന്ന് നടക്കുന്ന ചർച്ചകൾ എന്നും സച്ചിദാനന്ദൻ പറഞ്ഞു.
തൃശൂർ ജില്ലയ്ക്ക് പ്രസിഡന്റ് ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരിൽ നശിച്ചു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നു ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കാൻ കഴിയില്ലെന്നും അതിന് ഇന്ന് ലോക നേതാക്കളിൽ കരുത്തനായ നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിക്കേ സാധിക്കുവെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.