കടയുടെ ലൈസന്‍സ് പുതുക്കി നൽകുന്നതിന് ആവശ്യപ്പെട്ടത് പതിനായിരം രൂപ, കൈക്കൂലി വാങ്ങുന്നതിനിടെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയിൽ

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. കൊച്ചിയിലാണ് സംഭവം. കൊച്ചി കോര്‍പ്പറേഷനിലെ 16-ാം സര്‍ക്കിള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഖില്‍ ജിഷ്ണു ആണ് വിജിലന്‍സിന്റെ പിടിയിലായത്.

പാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നലകുന്നതിന് കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അഖിൽ പിടിയിലായത്.

10,000 രൂപയാണ് സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായി കടക്കാരനോട് അഖിൽ ആവശ്യപ്പെട്ടത്.ഇക്കാര്യം പരാതിക്കാന്‍ വിജിലന്‍സില്‍ അറിയിച്ചു. ബുധന്‍ വൈകിട്ട് പരാതിക്കാരനിൽ നിന്നും പണം വാങ്ങാൻ ആലുവ എന്‍എഡി റോഡ് കൊടികുത്തിമല ജുമാ മസ്ജിദിന് സമീപത്ത് അഖിൽ എത്തി.

വിജിലന്‍സ് നല്‍കിയ ഫിനോഫ്തിലിന്‍ പുരട്ടിയ നോട്ടുകളാണ് കടക്കാരന്‍ അഖിലിന് കൈമാറിയത്. പിന്നാലെ വിജിലന്‍സ് എത്തി അഖിലിനെ കൈയ്യോടെ പിടികൂടുകയായിരുന്നു.

Exit mobile version