പാലക്കാട്: മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് ചെന്താമര പോലീസിന്റെ വലയിലാകുന്നത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പിടിയിലായ ചെന്താമരയുടെ മൊഴി.
നാട്ടുകാരും പോലീസും പല വട്ടം തെരച്ചില്‍ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര. ഡ്രോണ്‍ പറഞ്ഞുന്നതും പോലീസും നാട്ടകാരും തിരയുന്നതും കണ്ടു. ഇതെല്ലാം കണ്ട് കാട്ടിനുള്ളില്‍ പതുങ്ങി ഇരുന്നുവെന്നും ചെന്താമര പോലീസിനോട് പറഞ്ഞു.
ഭാര്യ, മകള്‍, മരുമകന്‍ ഉള്‍പ്പെടെ മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി മൊഴി നല്‍കി. ഭാവവ്യത്യാസമില്ലാതെയാണ് പ്രതി പോലീസിനോട് കൊലപാതകങ്ങളെ കുറിച്ച് വിവരിച്ചത്.
തലേ ദിവസം സുധാകരനുമായി തര്‍ക്കമുണ്ടായി. എന്റെ ഭാര്യയെ കൊന്നതിന് കാണിച്ചു തരാം എന്ന് സുധാകരന്‍ പറഞ്ഞു. ഇതോടെയാണ് സുധാകരനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കി.
രാത്രി എട്ടുമണിയോടെ പോത്തുണ്ടിയില്‍ ചെന്താമരയെ കണ്ടെന്ന വിവരം നാട്ടുകാര്‍ പോലീസിനെ അറിയിക്കുന്നു. ഓടിമറഞ്ഞത് ചെന്താമരയാണെന്ന് ഒരു പോലീസുകാരും ഉറപ്പിച്ച് പറഞ്ഞതോടെ നാടിളക്കി തെരച്ചില്‍ തുടങ്ങി. കുറുവടികളുമായി നാട്ടുകാരും തെരച്ചിലിന്റെ ഭാഗമായി. ഒന്നരമണിക്കൂറിലേറെ തെരച്ചില്‍ നീണ്ടിട്ടും ചെന്താമരയെ കണ്ടെത്താനായില്ല. ഇതോടെ ഇന്നത്തെ തെരച്ചില്‍ നിര്‍ത്തുന്നുവെന്ന് പോലീസിന്റെ അറിയിപ്പ് വന്നു.
രാത്രി 9.45 ഓടെ പോലീസ് തെരച്ചില്‍ അവസാനിപ്പിച്ചെന്ന് കരുതി ഭക്ഷണം തേടി ചെന്താമര പോത്തുണ്ടി മലയിറങ്ങി. പത്തരയോടെ പ്രതി പിടിയിലായ വിവരം പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.