നെന്മാറ ഇരട്ടക്കൊല: ചെന്താമര കാണാമറയത്ത് തന്നെ, പരിശോധന തുടരുന്നു

പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്ന ചെന്താമരയെ ഇനിയും കണ്ടെത്താനായില്ല. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ്. നാട്ടുകാരുടെ സഹായത്തോടെയാണ് പരിശോധന. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുക. കൊലപാതക ശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചില്‍ വ്യാപിപ്പിക്കും.

2019 ലെ കൊലപാതകത്തിന് സമാനമായ രീതിയില്‍ വിശന്നാല്‍ ഭക്ഷണത്തിനായി ഒളിവ് വിട്ട് ചെന്താമര പുറത്തിറങ്ങിയേക്കാമെന്നാണ് പോലീസ് കരുതുന്നത്. പ്രതിയുടെ വീട്ടില്‍ നിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാല്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

ചെന്താമരയുടെ സഹോദരനുമായി ആലത്തൂര്‍ പൊലീസ് തിരുപ്പൂരിലും പരിശോധന നടത്തുന്നുണ്ട്. സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവര്‍മണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകള്‍ക്ക് ശേഷം വക്കാവ് ശ്മശാനത്തില്‍ സംസ്‌കരിക്കും.

5 വര്‍ഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ല്‍ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി ഇന്നലെ ഭര്‍ത്താവ് സുധാകരനെയും ഭര്‍ത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തി.

Exit mobile version