പിറവം: വ്യാജ വീസ നല്കി വനിതാ ഡോക്ടറില്‍ നിന്ന് പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയില്‍. വിദേശി ഉള്‍പ്പെടെ നാലുപേരടങ്ങുന്ന സംഘത്തെ ബംഗളൂരുവില്‍ നിന്ന് പിറവം പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പ്രമുഖ തൊഴില്‍ വെബ്സൈറ്റില്‍ പരസ്യം നല്‍കിയായിരുന്നു പ്രതികളുടെ തട്ടിപ്പ്. ഫ്രാന്‍സിലെ ഹോളി അസിം മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ ഡോക്ടറായി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
പരസ്യം കണ്ട് ഇവരെ സമീപിച്ച പിറവം സ്വദേശിയായ വനിതാ ഡോക്ടറുടെ പിതാവിന്റെ അക്കൗണ്ടില്‍ നിന്നാണ് പലതവണകളിലായി 11,62,000 രൂപ തട്ടിയെടുത്തത്. മുംബെയില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടര്‍ക്ക് പ്രതികള്‍ വ്യാജ ഫ്രഞ്ച് വീസയും എംബസിയിലേക്കുള്ള ഗേറ്റ് പാസും നല്കി. ഡോക്ടറെ വിശ്വാസത്തിലെടുക്കാനായി ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന സ്ത്രീകളെ ഉപയോഗിച്ച് ആശുപത്രിയില്‍ നിന്നെന്ന വ്യാജേന പലവട്ടം ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. ഗേറ്റ് പാസുമായി എംബസിയില്‍ എത്തിയപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം ഇവര്‍ അറിഞ്ഞത്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പിറവം പോലീസ് മൊബെല്‍ ഫോണ്‍ ട്രാക്ക് ചെയത് പ്രതികളെ ബെംഗളൂരുവില്‍ നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
ഘാന പൗരന് ഇലോല്‍ ഡെറിക്, കര്‍ണാടകയില്‍ നിന്നുള്ള ജ്ഞാനശേഖര്‍, ആന്ധ്ര സ്വദേശികളായ പ്രകാശ് രാജ്, ഹരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് മൂന്ന് ലാപ്ടോപ്പുകളും ഒന്‍പത് മൊബെല്‍ ഫോണുകളും, 26 എടിഎം കാര്‍ഡുകളും, പത്ത് ചെക്കു ബുക്കുകളും കണ്ടെടുത്തു. തട്ടിപ്പിന്റെ വ്യാപ്തി ബോധ്യപ്പെട്ടതോടെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യക അനേഷണസംഘത്തിന് റൂറല്‍ എസ്പി രൂപം നല്കി.
Discussion about this post