കൊച്ചി: വിധി അപകടത്തിന്റെ രൂപത്തില്‍ വന്ന് ആറ് ജീവനുകള്‍ ഒരേ സമയം എടുത്തത് നാടിനെ മാത്രമല്ല, സംസ്ഥാനത്തെ വരെ കണ്ണീരിലാഴ്ത്തി. പക്ഷേ ആ വേദന മൗനത്തിലൂടെ കടിച്ചമര്‍ത്തുകയാണ് ഇവിടെ മനോജ്. അബുദാബിയില്‍ നിന്നു ഉച്ചയ്ക്ക് ഒന്നു ഫ്രീ ആവുമ്പോള്‍ വിളിക്കും സ്വന്തം ഭാര്യയോടും മക്കളോടും സംസാരിക്കാന്‍. ഇന്ന് മറുതലയില്‍ മൂവരും ഉറ്റവരും ഇല്ല. എല്ലാവരെയും ഒരേ നിമിഷത്തില്‍ കവര്‍ന്നെടുത്തു.
സ്വന്തം ഭാര്യയുടെയും സ്നേഹിച്ച് കൊതിത്തീരാത്ത മക്കളെയും വിട്ടു പിരിഞ്ഞപ്പോള്‍ മനോജ് കരഞ്ഞില്ല. ഒരു തുള്ളി കണ്ണീര് പോലും പുറത്ത് വന്നില്ല. എല്ലാ വേദനകളും ഉള്ളില്‍ കടിച്ചമര്‍ത്തി നില്‍ക്കുകയായിരുന്നു മനോജ്. മനോജിന്റെ മൗനം കൂടി നിന്നവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. മൗനം പോലും ചോര പൊടിയുന്ന നിമിഷങ്ങളായിരുന്നു അത്.
ശനിയാഴ്ച ആയൂരിനു സമീപമാണ് കാറും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചത്. നാടിനെ നടുക്കിയ അപകടത്തില്‍ ആറ് പേരാണ് മരിച്ചത്. അഞ്ച് പേര് തല്‍ക്ഷണമാണ് മരിച്ചത്. ഒരാള്‍ ആശുപത്രിയിലേയ്ക്ക് പോകും വഴിയായിരുന്നു മരണത്തിന് കീഴടങ്ങിയത്. മനോജിന്റെ ഭാര്യ സ്മിത (34), മകന് അഭിനജ് (08), ഹര്‍ഷ (04), മനോജിന്റെ സഹോദരി മിനി (48), മിനിയുടെ മകള്‍ അഞ്ജന(21), ഭാര്യാ സഹോദര പുത്രന് അരുണ്‍ (23) എന്നിവരാണ് മരിച്ചത്.
എല്ലാ ദിവസവും ഉച്ചയൂണിനുശേഷം അബുദാബിയില്‍ നിന്നു വീട്ടിലേക്ക് വിളിക്കാറുള്ള മനോജാണ് എല്ലാവരെക്കാളും മുന്‍പ് അപകടമരണം അറിഞ്ഞത്. ഉച്ചയ്ക്ക് പതിവ് പോലെ ഭാര്യ സ്മിതയുടെ ഫോണിലേക്ക് മനോജ് വിളിച്ചപ്പോള്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ ചടയമംഗലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസറുടെ പക്കലായിരുന്നു. അദ്ദേഹമാണ് അപകട വിവരം അറിയിച്ചത്. ശേഷമാണ് മറ്റ് ബന്ധുക്കളും മരണവാര്‍ത്ത അറിഞ്ഞത്. ശനിയാഴ്ച രാവിലെ 5 മണിയോടെയാണ് സ്മിതയും 2 മക്കളും ക്ഷേത്ര ദര്‍ശനത്തിനു പോയതെന്ന് അയല്‍വാസികളും ബന്ധുക്കളും പറഞ്ഞു.
Discussion about this post