സന്നിധാനം: മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര വൈകിട്ട് ശരംകുത്തിയില്‍ എത്തും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കും.
അതേസമയം മകരവിളക്ക് നേരിട്ട് കാണാനുള്ള ഒരുക്കത്തിലാണ് ഭക്തര്‍. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയും പിന്നീട് മകരവിളക്കും കാണാനുള്ള കാത്തിരിപ്പിലാണ് തീര്‍ത്ഥാടകര്‍.
ഇന്ന് രാവിലെ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നാണ് തിരുവാഭരണഘോഷയാത്ര തുടങ്ങിയത്. അട്ടത്തോട് നിന്ന് തുടങ്ങി ആറ് കിലോമീറ്റര്‍ പിന്നിട്ട് വലിയാനവട്ടത്തേക്കും, അവിടെ നിന്ന് ചെറിയാനവട്ടത്തേയ്ക്കുമെത്തിയ ഘോഷയാത്ര നീലിമല കടന്ന് ശരംകുത്തിയിലെത്തിയിട്ടാണ് മരക്കൂട്ടത്തേയ്ക്ക് കയറുക. അവിടെ നിന്ന് എക്‌സിക്യൂട്ടീവ് ഓഫീസറും ദേവസ്വംബോര്‍ഡ് പ്രസിഡന്റും ഉള്‍പ്പടെയുള്ളവര്‍ തിരുവാഭരണം ഏറ്റുവാങ്ങി കൊണ്ടുപോകും.
പതിനെട്ടാം പടിയിലെത്തിയാല്‍ തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.30യ്ക്കാണ് ദീപാരാധന. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിക്കും.
ഇക്കൊല്ലം മകരസംക്രമപൂജയ്ക്കുള്ള മുഹൂര്‍ത്തം വൈകിട്ട് 7.52-നാണ്. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് ദൂതന്‍ വഴി എത്തിച്ച അയ്യപ്പമുദ്രയിലെ നെയ്യാണ് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നത്. ഇതിനായി തിരുവാഭരണം അഴിച്ചുമാറ്റി വീണ്ടും ചാര്‍ത്തിയാണ് പൂജ നടത്തുക.
Discussion about this post