കൊച്ചി: റിയാസ് കോമുവിനെതിരായ മീ ടൂ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്ക് പൂര്‍ണ്ണ പിന്തുണയെന്ന് അനിതാ ദുബെ. കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യ വനിതാ കുറേറ്ററാണ് അനിതാ ദുബെ. റിയാസ് കോമുവിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയത് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ തിരുത്തല്‍ നടപടിയെന്നും അനിത ദുബെ വ്യക്തമാക്കി.
റിയാസ് കോമുവിന് പകരം ബിനാലെ നിര്‍വാഹക സമിതി അംഗമായ വി സുനിലിനാണ് ചുമതല. റിയാസ് കോമുവിന് എതിരായ പരാതി ചര്‍ച്ച ചെയ്യാന്‍ ഈ മാസം തന്നെ മാനേജിംഗ് ട്രസ്റ്റികളുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കാനാണ് ബിനാലെ ഫൗണ്ടേഷന്റെ തീരുമാനം.
മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമെ ചലച്ചിത്ര താരം സഞ്ജന കപൂര്‍, എഴുത്തുകാരന് എന്‍ എസ് മാധവന്, മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബ് തുടങ്ങി 11 പേരാണ് ട്രസ്റ്റിലെ അംഗങ്ങള്‍. ഇവരെയെല്ലാവരെയും പങ്കെടുപ്പിച്ച് ഈ മാസം ഇരുപത്തിയെട്ടിന് കൊച്ചിയില്‍ അടിയന്തര യോഗം ചേരും. യുവതിക്കെതിരായ അതിക്രമം സംബന്ധിച്ച പരാതിയായതിനാല് വനിതാ അംഗങ്ങളുടെ തിരുമാനത്തിന് പ്രാമുഖ്യം നല്‍കും.
ഗുരുതര ആരോപണമായതിനാല്‍ മുഴുവന്‍ അംഗങ്ങളുടെയും നിലപാടുകള്‍ അറിഞ്ഞ ശേഷം റിയാസ് കോമുവിന് എതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാനാണ് നീക്കം. കൊച്ചി ബിനാലെക്കിടെ അപമര്യാദയായി പെരുമാറിയെന്ന ചിത്രകലാ വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെ റിയാസ് കോമുവിനെതിരെ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ബിനാലെ ഫൗണ്ടേഷന് അറിയിച്ചിരുന്നു.
Discussion about this post