പാലക്കാട്:ജപ്തി ഭയന്ന് വീട്ടമ്മ ജീവനൊടുക്കി. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് സംഭവം. കീഴായൂർ സ്വദേശി ജയയാണ് മരിച്ചത്. നാൽപ്പതിയെട്ട് വയസ്സായിരുന്നു.
തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ജയ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്. 2015 മുതൽ 2 ലക്ഷം രൂപയുടെ വായ്പ എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. ഷൊര്‍ണൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്യുന്നതിന് വീട്ടിലെത്തിയപ്പോഴാണ് ജയ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.
ജയക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ജയ മരിച്ചത്. സംഭവത്തിന് പിന്നാലെ പട്ടാമ്പി പൊലീസും തഹസിൽദാറും സ്ഥലത്തെത്തി ജപ്തി നടപടികൾ നിർത്തിവെപ്പിച്ചു.
തിരിച്ചടവ് മുടങ്ങിയതോടെ മുന്നറിയിപ്പ് നൽകിയിരുന്നതായും കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചാണ് ജപ്തി നടപടികൾ ചെയ്തതെന്നും ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നു. ജയയുടെ പോസ്റ്റ്മോർട്ടം നടപടികൾ തൃശൂർ മെഡിക്കൽ കോളജിൽ നടത്തും. സംസ്കാരം നാളെ.
Discussion about this post