മലപ്പുറം: ക്ഷേത്രത്തില്‍ മോഷണം നടത്തി മടങ്ങുന്നതിനിടെ ബൈക്ക് എടുക്കാന്‍ മറന്ന മോഷ്ടാവ് പരാതിയുമായി സ്റ്റേഷനില്‍. ബൈക്ക് മോഷണം പോയെന്ന് പരാതിയുമായി എത്തിയ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ കണ്ടാണശേരി സ്വദേശി പൂത്തറ അരുണിനെയാണ് എടപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി അഞ്ചിനാണ് കാന്തല്ലൂര്‍ ക്ഷേത്രത്തില്‍ മോഷണം നടന്നത്. ഓട് പൊളിച്ച് അകത്തുകയറിയ 8,000 രൂപയാണ് കവര്‍ന്നത്. ബൈക്കിലെത്തിയാണ് അരുണ്‍ മോഷണം നടത്തിയത്. പക്ഷേ, പണം കിട്ടിയ ആവേശത്തില്‍ ബൈക്ക് എടുക്കാന്‍ മറന്ന് സ്ഥലം വിടുകയായിരുന്നു. ക്ഷേത്രഭാരവാഹികള്‍ നല്കിയ പരാതിയില്‍ പോലിസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഇതിനിടെ ക്ഷേത്രപരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ബൈക്ക് നാട്ടുകാര്‍ പോലിസില്‍ ഏല്‍പ്പിച്ചു. ഈ ബൈക്കിന്റെ രേഖകള്‍ പോലിസ് പരിശോധിച്ചുവരുകയായിരുന്നു. അപ്പോഴാണ് അരുണ്‍ സ്റ്റേഷനിലെത്തിയത്. തന്റെ ബൈക്ക് മോഷണം പോയെന്നും നടപടിയുണ്ടാവണമെന്നുമായിരുന്നു അരുണിന്റെ ആവശ്യം.
ഇയാളുടെ പെരുമാറ്റത്തില്‍ സംശയങ്ങള്‍ തോന്നിയതോടെ പൊലിസ് അകത്തുകൊണ്ടു പോയി ചോദ്യം ചെയ്യുകയായിരുന്നു. തന്റെ ബൈക്ക് മോഷ്ടിച്ചവരാവാം ക്ഷേത്രത്തില്‍ മോഷണം നടത്തിയതെന്നാവാം എന്നാണ് അരുണ്‍ പൊലിസിനോട് പറഞ്ഞത്. പക്ഷേ, തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post