മലപ്പുറം: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ കരുളായിയിലാണ് സംഭവം. പൂച്ചപ്പാറ മണി ആണ് മരിച്ചത്.
നാല്‍പ്പത് വയസ്സായിരുന്നു. ക്രിസ്മസ് അവധിക്ക് ശേഷം മകള്‍ മീനയെ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി കാട്ടിലെ അളയിലേക്ക് മടങ്ങി വരുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
രാത്രി 7 മണിയോടെയാണ് സംഭവം. മണിക്കൊപ്പം സുഹൃത്തുക്കളായ കാര്‍ത്തിക്ക്, കുട്ടിവീരന്‍ എന്നിവരുമുണ്ടായിരുന്നു. മാഞ്ചീരി കന്നിക്കൈ വരെ ജീപ്പില്‍ ആയിരുന്നു യാത്ര. അവിടെനിന്നും പൂച്ചപ്പാറയിലെ അലക്ഷ്യമാക്കി നടക്കുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. 9. 30 ഓടെയാണ് വനപാലകര്‍ക്ക് വിവരം ലഭിച്ചത്. ആക്രമണത്തില്‍ തലയില്‍ ഗുരുതരമായ പരിക്കേറ്റ മണിയെ രക്തം വാര്‍ന്ന നിലയിലാണ് ജീപ്പില്‍ ചെറുപുഴയില്‍ എത്തിച്ചത്.
പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post