തിരുവനന്തപുരം : പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കുത്തേറ്റ പ്ലസ് ടു വിദ്യാര്‍ഥി അസ്ലമിന്റെ നില ഗുരുതരം. കത്തി ശ്വാസകോശത്തില്‍ തുളച്ചുകയറിയ സ്ഥിതിയില്‍ അസ്ലമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസ്ലം അത്യഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
ഇതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അസ്ലമിനെ അക്രമിച്ചത്. ഒരുമാസം മുന്‍പ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷം. ഒരു മാസം മുമ്പ് നടന്ന ആക്രമണത്തില്‍ സ്കൂളിലെ പ്രിന്‍സിപ്പലിനും പിടിഎ പ്രസിഡന്റിനുമടക്കം പരുക്കേറ്റിരുന്നു.
സംഘര്‍ഷം തടയാനെത്തിയ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ കസേര എടുത്ത് അടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, തുടര്‍ന്ന് 18 വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് പുറത്താക്കുകയും20 വിദ്യാര്‍ഥികള്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസുമെടുക്കുകയും ചെയ്തു.
ഇതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം വീണ്ടും സംഘര്‍ഷം ഉണ്ടായതും വിദ്യാര്‍ഥിക്ക് കുത്തേറ്റതും. സ്കൂളില്‍ പ്ലസ് വണ്‍- പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടല്‍ പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Discussion about this post