തിരുവനന്തപുരം:ഇനി മത്സരത്തിന്റെ നാളുകള്‍, 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയന് കലാമേള ഉദ്ഘാടനം ചെയ്യും.പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക.
തലസ്ഥാനത്ത് എട്ടു വര്‍ഷത്തിന് ശേഷമാണ് സ്കൂള്‍ കലോത്സവം നടക്കുന്നത്. 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന നൃത്തശില്പത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക.
ഇത്തവണത്തെ കലോത്സവം വന്‍ വിജയമാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആരോഗ്യകരമായ മത്സരങ്ങളാണ് കലോത്സവത്തില്‍ അരങ്ങേറേണ്ടത്.
തെറ്റായ ഒരു പ്രവണതയും പ്രോത്സാഹിപ്പിക്കില്ല. മാന്വല്‍ അനുസരിച്ചു മാത്രമാണ് കലോത്സവം സംഘടിപ്പിക്കപ്പെടുക. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും കലോത്സവത്തിന്റെ അന്തസ്സ് ഉള്‍ക്കൊണ്ട് പെരുമാറണമെന്നും മന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടല്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും. കൂടാതെ ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്തവും, ഒപ്പനയും, ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗംകളിയും ആദ്യദിനം തന്നെ വേദിയിലെത്തും.
തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. 15000ത്തിലധികം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കാനായെത്തുന്നത്. മത്സരവേദികള്‍ക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്.
Discussion about this post