കൊച്ചി: സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയില്‍ നിന്ന് വീണ് തൃക്കാക്കര എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഉമ തോമസിന് പരിക്ക്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് അപകടം.
പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഉമ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ക്രീറ്റില്‍ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എംഎല്‍എയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കലൂര്‍ സ്റ്റേഡിയത്തില്‍ 12000 ഭരതനാട്യ നര്‍ത്തകര്‍ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എംഎല്‍എ. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്.
താത്കാലികമായി തയ്യാറാക്കിയ വിഐപി ഗാലറിയില്‍ നിന്ന് 20 അടിയോളം താഴ്ചയിലേക്ക് എംഎല്‍എ വീണത്. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎല്‍എ എത്തിയത്.
മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോള്‍, ഗാലറിയില്‍ താത്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
സന്നദ്ധ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post