തിരുവനന്തപുരം: വര്‍ക്കലയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. കേസില്‍ പിടികൂടാനുണ്ടായിരുന്ന 4 പ്രതികളെയാണ് പിടികൂടിയത്. ചൊവ്വാഴ്ച്ച രാത്രിയാണ് ലഹരി മാഫിക്കെതിരെ പോലീസില്‍ പരാതി നല്‍കിയ വര്‍ക്കല സ്വദേശി ഷാജഹാനെ തലക്കടിച്ച് അഞ്ചംഗ സംഘം കൊലപ്പെടുത്തുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണ്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. വര്‍ക്കല വെട്ടൂര്‍ ആശാ മുക്ക് സ്വദേശിയായ ജാസിം , താഴെ വെട്ടൂര്‍ സ്വദേശികളായ ഹായിസ്, നൂഹു, സെയ്ദലി, എന്നിവരാണ് പിടിയിലായത്. കേസിലെ അഞ്ചാം പ്രതിയായ ആഷിറിനെ സംഭവ ദിവസം രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ ഈ കേസിലെ എല്ലാ പ്രതികളും പിടിയിലായി. വര്‍ക്കല താഴേവെട്ടൂരിലെ തീരദേശമേഖലയില്‍ ഷെഡ് കെട്ടിയുള്ള പ്രതികളുടെ ലഹരി ഉപയോഗം പ്രദേശവാസിയായ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തിരുന്നു. ഒപ്പം ഇവരെക്കുറിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാത്രി സ്‌കൂട്ടറില്‍ വന്ന ഷാജഹാനെയും ബന്ധുവായ റഹമാനെയും അഞ്ചംഗ സംഘം ആക്രമിച്ചത്.
Discussion about this post