കോഴിക്കോട്: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാരവാനുള്ളില്‍ രണ്ടു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കരിമ്പനപാലത്താണ് സംഭവം.
മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ് (27), കണ്ണൂര്‍ പറശ്ശേരി തട്ടുമ്മല്‍ ജോയല്‍ (26) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഇരുവരെയും കാരവാനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എസിയിലെ ഗ്യാസ് ചോര്‍ച്ചയാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ പൊലീസ് അസ്വാഭാവികത സംശയിക്കുന്നുമുണ്ട്. വടകര ദേശീയപാതയില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വാഹനം നിര്‍ത്തിയിട്ടിരുന്നു.
എന്നാല്‍ രാത്രിയോടെയാണ് വാഹനത്തിന്റെ സ്റ്റെപ്പിനടുത്തായി ഒരാള്‍ കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പിന്‍ഭാഗത്തും ഒരാളെ കണ്ടെത്തിയത്. പിന്നാലെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരും മരിച്ചെന്ന് സ്ഥിരീകരിച്ചത്. എടപ്പാളില്‍നിന്നും വിവാഹ പാര്‍ട്ടിയെ ഞായറാഴ്ച വൈകീട്ട് 3.30ഓടെ കണ്ണൂരില്‍ ഇറക്കി തിരിച്ചുവരികയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ മലപ്പുറത്ത് ഇവര്‍ വാഹനവുമായി എത്തേണ്ടിയിരുന്നതാണെന്നാണ് വിവരം.
Discussion about this post