ആലപ്പുഴ: സ്വയം രാജാവാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന് കരുതുന്നതെന്ന് രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സതീശന് അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
താന്‍ സത്യം വിളിച്ചു പറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് അഭിനന്ദിച്ചു. അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും കെപിസിസി പ്രസിഡന്റിനെ ധിക്കരിക്കുന്ന ഒരു പ്രതിപക്ഷ നേതാവ് മുമ്പ് ഉണ്ടായിരുന്നിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു.
കെപിസിസി പ്രസിഡന്റ് എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ തന്നെ ആ മൈക്ക് വാങ്ങി സ്റ്റേജില്‍ വെച്ചു തന്നെ സതീശന് എതിര് പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റിനെ മൂലയ്ക്കിരുത്തിക്കൊണ്ടല്ലേ മുന്നോട്ടു പോയതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ മുന്നോട്ട് പോകുന്നത് കെ സുധാകരന്റെ പക്വത കൊണ്ടാണ്. തനിക്ക് പത്തെണ്‍പത് വയസ്സായി. ഇതിനിടയ്ക്ക് ഒട്ടേറെ കെപിസിസി പ്രസിഡന്റുമാരെയും പ്രതിപക്ഷ നേതാക്കളെയും കണ്ടിട്ടുണ്ട്. ഇത്രയും തറപറ പറയുന്ന, നിലവാരമില്ലാത്ത, ഒരു ബഹുമാനവുമില്ലാതെ സംസാരിക്കുന്ന ഒരു പ്രതിപക്ഷ നേതാവിനെ ഞാന്‍ കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Discussion about this post