ഹൈദരബാദ്: പുഷ്പ 2 ന്റെ പ്രീമിയറിനിടെ യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയ്യേറ്ററിലിരുന്ന് സിനിമ കാണുകയായിരുന്നുവെന്ന് തെലങ്കാന പോലീസ്. ഇതിന്റെ തെളിവുകള്‍ പൊലീസ് പുറത്തുവിട്ടു.
അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. തിക്കിലും തിരക്കിലും ലാത്തിച്ചാര്‍ജ് ഉണ്ടായെന്നും യുവതി മരിച്ചെന്നും താരത്തിനെ നേരിട്ട് അറിയിച്ചതായും പൊലീസ് പറയുന്നു.
തിയേറ്ററിന് പുറത്ത് നിയന്ത്രണാതീതമായ സ്ഥിതിയാണെന്നും ഉടന്‍ മടങ്ങണമെന്നും താരത്തോട് ആവശ്യപ്പെട്ടപ്പോള്‍ സിനിമ കഴിയട്ടെ എന്നായിരുന്നു മറുപടിയെന്നും ഡിജിപി എത്തി 10 മിനിറ്റിനുള്ളില്‍ മടങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
പുറത്തുപോകാന്‍ വഴിയൊരുക്കി തരാമെന്ന് പറഞ്ഞതോടെയാണ് അല്ലു മടങ്ങാന്‍ തയ്യാറായതെന്നും പുറത്തുപോകുമ്പോള്‍ ആളുകളെ കാണരുതെന്ന നിര്‍ദേശവും താരം പാലിച്ചില്ലെന്നും എസിപി രമേഷ് മാധ്യമങ്ങളോട് പറഞ്ഞു.
തിയ്യേറ്ററില്‍ വലിയ ദുരന്തം നടന്നിട്ടും നടന്‍ കാണികളെ അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതേസമയം, താന്‍ തിയ്യേറ്ററിലുണ്ടായ ദുരന്തത്തെ കുറിച്ചും യുവതി മരിച്ച വിവരവും പിറ്റേദിവസമാണ് അറിഞ്ഞതെന്നുമാണ് നടന്‍ മാധ്യമങ്ങളോട് പറഞ്ഞത്.