കൊച്ചി: കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ എയര്‍ലിഫ്റ്റിങ്ങ് ചാര്‍ജായി 132 കോടി ഈടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി.
കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത് 2006 കാലഘട്ടം മുതലുള്ള ബില്ലുകളാണെന്നും ഇത്രയും കാലം കഴിഞ്ഞ് ഇപ്പോള്‍ ഈ ബില്ലുകള്‍ പെട്ടെന്ന് എങ്ങനെ വന്നുവെന്നും കോടതി ചോദിച്ചു.
കേന്ദ്രം ആവശ്യപ്പെട്ട 132 കോടിയില്‍ 120 കോടി പഴയ ബില്ലാണ്. ഈ ബില്ലുകളില്‍ ഇളവ് നല്‍കാനും, ആ തുക വയനാട് പുനരധിവാസത്തിന് ചെലവഴിക്കാനായി മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിക്കൂടേയെന്നും ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.
അതേസമയം, സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ ആകെയുള്ള 782.99 കോടി രൂപയില്‍ 2006, 2016, 2017 വര്‍ഷങ്ങളില്‍ എയര്‍ലിഫ്റ്റിങ് സേവനങ്ങളുടെ കുടിശ്ശിക ഇനത്തില്‍ ഏകദേശം 120 കോടി രൂപയും, മറ്റ് ബില്ലുകളിലായി 60 കോടി രൂപയും കേന്ദ്രത്തിന് നല്‍കാനുണ്ടെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു.
ഈ ബില്ലുകളടക്കം നേരത്തെ അനുവദിച്ചതു കഴിച്ച് സംസ്ഥാനത്തിന് വിനിയോഗിക്കാന്‍ കഴിയുന്നത് 61.03 കോടി മാത്രമേ ഉള്ളൂവെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. അപ്പോഴാണ് 120 കോടിയുടെ കുടിശ്ശിക ഇളവ് ചെയ്തുകൂടേയെന്ന് കോടതി ആരാഞ്ഞത്.
എന്‍ഡിആര്‍എഫ്/എസ്ഡിആര്‍എഫ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി, 120 കോടി രൂപ ചെലവഴിക്കാന്‍ അനുമതി നല്‍കുന്നതും, ഈ തുക പുനരധിവാസ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന കാര്യവും പരിഗണിക്കണമെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.