തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരമധ്യത്തില്‍ അപകടകരമായ രീതിയില്‍ സ്കേറ്റിങ് ചെയ്ത യുവാവ് പിടിയില്‍. മുംബൈ സ്വദേശി സുബ്രത മണ്ടേലയാണ് പിടിയിലായത്.
തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് ഇയാളെ പിടികൂടിയത്. ഡിസംബര്‍ 11നായിരുന്നു സംഭവം. തിരക്കേറിയ സ്വരാജ് റൗണ്ടിലായിരുന്നു അഭ്യാസ പ്രകടനം നടന്നത്. ഓട്ടോറിക്ഷയില്‍ പിടിച്ചുകൊണ്ടായിരുന്നു യുവാവിന്റെ സ്കേറ്റിങ്.
തിരക്കേറിയ റോഡില്‍ സ്വരാജ് റൗണ്ടില്‍ ബസ്സുകള്‍ക്കിടയിലൂടെയും മറ്റുമായിരുന്നു ഇയാളുടെ അഭ്യാസപ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഇതോടെ ഇയാള്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. വീണ്ടും നഗരമധ്യത്തില്‍ സ്കേറ്റിങ് നടത്തിയപ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്.
ജനങ്ങള്‍ക്ക് അപകടമുണ്ടാക്കും വിധം പെരുമാറിയ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. പിന്നീട് ഇയാളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
ആറു ദിവസം മുമ്പാണ് കലൂരിലുള്ള സഹോദരനെ കാണാന്‍ സ്കേറ്റിങ് നടത്തി മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് എത്തിയത്.
Discussion about this post