പത്തനംതിട്ട: പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. മരിച്ചവരില്‍ നവ ദമ്പതികളും ഉള്‍പ്പെടുന്നു.
മല്ലശേരി സ്വദേശികളായ അനു, നിഖില്‍, അനുവിന്റെ പിതാവ് ബിജു പി ജോര്‍ജ്, നിഖിലിന്റെ പിതാവ് മത്തായി ഈപ്പന്‍ എന്നിവരാണ് മരിച്ചത്.
എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നവംബര്‍ 30ന് ആയിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചാണ് ഇരുവരും വിവാഹിതരായത്. ഇരുവരും മലേഷ്യയില്‍ മധുവിധു കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
തിങ്കളാഴ്ചയാണ് ദമ്പതികള്‍ മലേഷ്യയിലേക്ക് പോയത്. നിഖില്‍ കാനഡയില്‍ ക്വാളിറ്റി ടെക്നീഷ്യനാണ്. അനു മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ജനുവരിയില്‍ അനുവും കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നു.
നാളെ അനുവിന്റെ ജന്മദിനമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജന്മദിനം ആഘോഷിക്കാനിരിക്കേ അനുവിന്റെ വിയോഗം ഉറ്റവരെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തുകയാണ്.