ന്യൂഡല്‍ഹി: വൻ ദുരന്തം നേരിട്ട വയനാടിന് കേന്ദ്ര സഹായം നിഷേധിക്കുന്നതിന് എതിരെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിൽ പ്രതിഷേധം നടത്തി കേരളത്തില്‍ നിന്നുള്ള എംപിമാർ. മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാര്‍ പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.
പാര്‍ലമെന്റിനു മുന്നില്‍ ജസ്റ്റിസ് ഫോര്‍ വയനാട് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എംപിമാര്‍ അണി നിരന്നത്.
വയനാടിനു നീതി നല്‍കുക, ദുരിതാശ്വാസ പാക്കേജ് അനുവദിക്കുക എന്നെഴുതിയ ബാനറും ഉയർത്തി.
വയനാടിനു സഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്കു കത്തു നല്കി, ആഭ്യന്തര മന്ത്രിയെ നേരിട്ടു കണ്ടുവെന്നും എന്നാല്‍ അനുകൂല നടപടിയുണ്ടായില്ലെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് നിരാശപ്പെടുത്തുന്നതാണ്.വയനാട്ടിലുണ്ടായ ദുരന്തം രാജ്യം മുഴുവന്‍ കണ്ടതാണ് എന്നും അവിടത്തെ ജനങ്ങളുടെ വേദനയും ദുരിതവും എല്ലാവരക്കുമറിയാമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തിന്റെ പേരില്‍ മാത്രം വയനാടിന് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്കാന് മടിക്കുകയാണ് എന്നും കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും ഇതു തന്നെയാണ് സ്ഥിതി എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Discussion about this post