പാലക്കാട്: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് നിയന്ത്രണം വിട്ട ലോറി ദേഹത്തേക്ക് പാഞ്ഞുകയറി നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചത് നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്. അപകട മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു.
നാലു കുട്ടികളുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മരണപ്പെട്ട കുട്ടികളുടെ ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, പരിക്കേറ്റ കുട്ടികള്‍ക്ക് അടിയന്തിര ചികിത്സ നല്‍കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ് അപകടത്തില്‍ മരിച്ചത്.
കുട്ടികള്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ വിട്ട് റോഡിന് വശത്തുകൂടി പോകുകയായിരുന്ന കുട്ടികള്‍ക്ക് മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ ലോറി മറിയുകയായിരുന്നു.
Discussion about this post