കോഴിക്കോട്: ഗതാഗത നിയമങ്ങള്‍ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്കി.
ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടയില്‍ വീഡിയോഗ്രാഫര്‍ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി സ്വീകരിച്ച നടപടികളെ കുറിച്ച് 4 ആഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 30 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
ഇത്തരം സംഭവങ്ങള്‍ മത്സര ഓട്ടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പുറമേ മറ്റ് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാണെന്ന് ഉത്തരവില്‍ പറഞ്ഞു. സമൂഹ മാധ്യമത്തില്‍ ജനപ്രീതിയുണ്ടാക്കാന്‍ അപകടകരമായ നിലയില്‍ റീലുകള്‍ ചിത്രീകരിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി.
Discussion about this post