ന്യൂഡൽഹി: ഏകാദശി ദിനത്തിലെ ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി.
ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്ന് വിലയിരുത്തിയ കോടതി വെബ്‌സൈറ്റിലെ പൂജ പട്ടിക അത് പോലെ നിലനിറുത്തണമെന്ന് നിർദേശം നൽകി.
വൃശ്ചിക മാസത്തിലെ പൂജ തുലാമാസത്തിലേക്ക് മാറ്റിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിലയിരുത്തൽ. ജസ്റ്റിസ് ജെകെ മഹേശ്വരി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ദേവസ്വം ഭരണസമിതിയെയും തന്ത്രിയെയും രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി തന്ത്രിക്ക് ഏകപക്ഷീയമായി പൂജാ സമയം മാറ്റാന്‍ കഴിയുമോയെന്നും തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൂജാസമയത്തില്‍ മാറ്റം വരുത്താനാകുമോയെന്നും ചോദിച്ചു.
ഭരണപരമായ കാര്യമാണ് തിരക്ക് നിയന്ത്രിക്കുകയെന്നത് എന്നും അതിന്റെ പേരില്‍ ഭഗവാന് അര്‍പ്പിക്കുന്ന പൂജകളില്‍ മാറ്റം വരുത്താന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോയെന്നും ചോദിച്ച കോടതി ആചാരങ്ങളിൽ മാറ്റം ഉണ്ടാകാന്‍ പാടില്ലെന്നും വ്യക്തമാക്കി.
Discussion about this post