തിരുവനന്തപുരം: ധനകാര്യ കമ്മിഷന് ചെയര്മാന് ഡോ. അരവിന്ദ് പനഗാരിയയും കമ്മിഷന് അംഗങ്ങളും ഇന്ന് കേരളത്തിലെത്തും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം എത്തുന്നത്. കൊച്ചിയിലെത്തുന്ന സംഘത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് തുടങ്ങിയവര്‍ സ്വീകരിക്കും.
പതിനാറാം ധനകാര്യ കമ്മിഷന് റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി സംസ്ഥാനങ്ങളിലേക്കുള്ള പഠന യാത്രകളുടെ ഭാഗമായാണ് സംഘത്തിന്റെ കേരള സന്ദര്‍ശനം. നാളെ രാവിലെ കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്ത് പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
കമ്മീഷന് ചെയര്‍മാനും സംഘവും വൈകീട്ട് കോവളത്ത് എത്തും. ചൊവ്വാഴ്ച രാവിലെ 9.30 ന് കമ്മീഷന് ചെയര്‍മാനെയും അംഗങ്ങളെയും കോവളം ലീല ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.
തുടര്‍ന്ന് മന്ത്രിമാരുമായി സംഘം ചര്‍ച്ച നടത്തും. 11.30 മുതല്‍ സംസ്ഥാന ധനകാര്യ കമ്മീഷന് ചെയര്മാന് ഡോ. കെ എന്‍ ഹരിലാല്‍, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അസോസിയേഷനുകള്‍, ചേംബര്‍ ഓഫ് മിനിസിപ്പല്‍ ചെയര്മാന്, മേയേഴ്സ് കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തും. ശേഷം വ്യാപാരി വ്യവസായി പ്രതിനിധികളെയും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും സംഘം കാണും.
Discussion about this post