തിരുവനന്തപുരം: ജനപിന്തുണയും മാധ്യമശ്രദ്ധയും നഷ്ടപ്പെട്ടതോടെ, ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന നിരാഹാരസമരം അവസാനിപ്പിച്ച് തടിയൂരാന്‍ ശ്രമിക്കുകയാണ് ബിജെപി. സമരം ഈ മാസം 22ന് അവസാനിപ്പിക്കാനാണ് നിലവിലെ തീരുമാനം. എന്നാല്‍, 21 ന് കേരളത്തില്‍ എത്തുന്ന അമിത് ഷായുമായി ആലോചിച്ചശേഷം മാത്രം തുടര്‍നടപടികള്‍ മതിയെന്നും തുടര്സമരത്തെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നും പാര്‍ട്ടി ധാരണയിലെത്തി. എന്നാല്‍ ആര്‍എസ്എസ് വിഷയത്തില്‍ കടുത്ത നിലപാടെടുക്കുന്നതും ബിജെപിയുടെ സമരപരിപാടികളെ നിയന്ത്രിക്കുന്നതും അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. ആര്‍എസ്എസ് അപ്രമാദിത്യത്തിനെതിരെ വാളെടുക്കുകയാണ് ബിജെപിയിലെ ഒരു കൂട്ടര്.
ശബരിമല വിഷയത്തില്‍ സമരവുമായി എത്തിയ ബിജെപി നേതാക്കളെ ആര്‍എസ്എസ് പിന്‍നിരയിലേക്കു തള്ളുകയും പരിവാര്‍ സംഘടനയായ കര്‍മ്മസമിതി എല്ലാം ഏറ്റെടുത്തെന്നുമാണ് പ്രധാന കുറ്റപ്പെടുത്തല്‍. ശബരിമലയില്‍നിന്നും സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റിയത് ആര്‍എസ്എസ് തീരുമാനപ്രകാരമായിരുന്നു. നിരാഹാര സമരത്തില്‍ ആദ്യം മുന്‍നിര നേതാക്കളെത്തിയെങ്കിലും പിന്നീട് പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ മുഖം തിരിച്ചതോടെ സമരം അപ്രസക്തമാവുകയായിരുന്നു. അതേസമയം, പ്രതിഷേധസമരം തീവ്ര സമരത്തിലേക്ക് ആര്‍എസ്എസ് എത്തിച്ചതോടെ, ന്യായീകരിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് രംഗത്തെത്തേണ്ടി വന്നു.
അമിത് ഷായുടെ നിര്‍ദേശ പ്രകാരമായതിനാല്‍ പരിവാറിന്റെ നിലപാടിനെ എതിര്‍ക്കാനും പാര്‍ട്ടിക്കു കഴിഞ്ഞില്ല. ബിജെപി സമരം 22 ന് അവസാനിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും, നിലവിലെ വികാരം അതേപടി നിലനിര്‍ത്തുന്ന സമരവുമായി മുന്നോട്ടുപോകണമെന്ന നിലപാടിലാണ് ആര്‍എസ്എസ്. അതേസമയം, 20ന് അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍, സന്യാസിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന അയ്യപ്പ ഭക്ത സംഗമമാണ് ആര്‍എസ്എസിന്റെ ലക്ഷ്യം.
Discussion about this post