ചടയമംഗലം: ചടയമംഗലത്ത് കാറും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം നിലമേല്‍ വെള്ളാമ്പാറ സ്വദേശി ശ്യാമള കുമാരിയാണ് മരിച്ചത്.
ചടയമംഗലത്തിനും ആയൂരിനും ഇടയിലുള്ള ഇളവക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്തായിരുന്നു സംഭവം. ചടയമംഗലത്ത് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആര്.ടി.ബി ഫാസ്റ്റ് പാസഞ്ചര്‍ ബസും വിപരീത ദിശയില്‍ ചടയമംഗലം ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
രണ്ട് വാഹനങ്ങളും നല്ല വേഗത്തിലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകട സമയം രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. തകര്‍ന്ന കാറിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് ഇവരെ നാട്ടുകാര്‍ പുറത്തെടുത്തത്. രണ്ട് പേരെയും ഉടന്‍ തന്നെ ഗുരുതരാവസ്ഥയില്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശ്യാമള കുമാരിയുടെ ജീവന് രക്ഷിക്കാനായില്ല.
Discussion about this post