ആലപ്പുഴ: ആലപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ച യുവഡോക്ടർമാർക്ക് കണ്ണീരോടെ വിട നൽകി കേരളക്കര. രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളെ അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലി അർപ്പിക്കാനും സഹപാഠികളും അധ്യാപകരും നാട്ടുകാരും ഒഴുകിയെത്തി. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കല്‍ കോളജില്‍ പൊതുദർശനത്തിന് വച്ചിരുന്നു.
ആരോഗ്യമന്ത്രി വീണാ ജേര്‍ജ്, മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ്, എംഎല്‍എ ചിത്തരഞ്ജന്‍ തുടങ്ങിയവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനിടെ പലരും വിങ്ങിപ്പൊട്ടി. ഒന്നരമാസം മുന്‍പാണ് വിദ്യാര്‍ഥികളായ ദേവനന്ദന്‍, ശ്രീദേവ് വല്‍സന്‍, ആയുഷ് ഷാജി, പിപി മുഹമ്മദ് ഇബ്രാഹിം മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പഠിക്കാനായി എത്തിയത്.