കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ നിലവിലെ ഓറഞ്ച് അലര്‍ട്ട് (അതിശക്തമായ മഴ) റെഡ് അലര്‍ട്ട് (അതിതീവ്ര മഴ) ആയി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയര്‍ത്തിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

തമിഴ്‌നാടിനു മുകളില്‍ ശക്തി കുറഞ്ഞ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് വടക്കന്‍ കേരളത്തിനും കര്‍ണാടകക്കും മുകളിലൂടെ ന്യുന മര്‍ദ്ദമായി ഇന്ന് രാത്രി / നാളെയോടെ അറബികടലില്‍ പ്രവേശിനാണ് സാധ്യത. വടക്കന്‍ ജില്ലകളില്‍ ഇതോടെ മഴ ശക്തമാകാനാണ് സാധ്യത. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും.

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലളിലും നിലവില്‍ റെഡ് അലേര്‍ട്ട് ആണ്. ശക്തമായ മഴയക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്. മലയോരമേഖകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് പ്രഖ്യാപിച്ച മല്‍സ്യബന്ധന വിലക്ക് തുടരുകയാണ്.

Exit mobile version