കൊച്ചി: കാലാവസ്ഥ മോശമായ സാഹചര്യത്തില്‍ ശബരിമല പരമ്പരാഗത കാനന പാത വഴിയുളള തീര്‍ത്ഥാടനം താല്‍ക്കാലികമായി ഹൈക്കോടതി വിലക്കി. കാലാവസ്ഥ മോശമായ സാഹചര്യത്തില്‍ ഇനിയൊരുത്തരവ് ഉണ്ടാകും വരെ തീര്‍ത്ഥാടനം പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്.
കളക്ടര്‍മാര്‍ ഇക്കാര്യം ഉറപ്പു വരുത്തണമെന്നാണ് നിര്‍ദ്ദേശം. വണ്ടിപെരിയാര്‍, സത്രം, പുല്‍മേട്, എരുമേലി വഴിയുള്ള തീര്‍ത്ഥാടനമാണ് നിര്‍ത്തിയത്. ശബരിമല ഭക്തര്‍ക്ക് സുരക്ഷിത തീര്ത്ഥാടനമൊരുക്കണമെന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍ക്ക് കോടതി നിര്‍ദേശം നല്കി.
നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം ഭക്തരെ അറിയിക്കണം. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ സംബന്ധിച്ച് കോടതി ഉത്തരവ് നേരത്തെ ഉണ്ടല്ലോയെന്നും ദേവസ്വം ബഞ്ച് ചോദിച്ചു. ശബരിമല ദര്‍ശനത്തിനെത്തുന്ന പ്രായമായവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തുന്ന കാര്യം പൊലീസുമായി കൂടിയാലോചിച്ച് നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന് കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ഏത് സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന് ഇടപട്ടതെന്ന് കോടതി ആരാഞ്ഞു.
Discussion about this post